മൂന്ന് വർഷത്തെ സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സൈനികർ 'അഗ്‌നിവീർ' എന്നായിരിക്കും അറിയപ്പെടുക. ഇക്കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ സൈന്യത്തിൽ തന്നെ നിലനിർത്താനും സാധ്യതയുണ്ട്. മികവിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. അഗ്‌നിപഥ് അഥവാ ടൂർ ഓഫ് ഡ്യൂട്ടി എൻട്രി പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മൂന്ന് സേനകളും പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച അവതരണങ്ങൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൈനിക റിക്രൂട്ട്‌മെന്റുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് എന്ന ആശയം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തേക്കാവും അവസരം ലഭിക്കുക. വിദഗ്ധപരിശീലനം നൽകി ഇവരെ വിവിധ മേഖലകളിൽ വിന്യസിക്കും.
രാഷ്ട്രസേവനത്തില്‍ ആഭിമുഖ്യമുള്ളവരും എന്നാല്‍, ദീര്‍ഘകാലപ്രവര്‍ത്തനത്തില്‍ താത്പര്യമില്ലാത്തവരുമായ ചെറുപ്പക്കാര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് സേനാവിഭാഗങ്ങള്‍ക്കൊപ്പം അണിചേരാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സൈന്യത്തിനു ചെറുപ്പത്തിന്റെ പ്രതിച്ഛായ ലഭിക്കാന്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് സഹായിക്കും. പെന്‍ഷന്‍പോലുള്ള ദീർഘകാല സാമ്പത്തികബാധ്യത തോളിലേറ്റേണ്ടതുമില്ല. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തൊഴില്‍രഹിതര്‍ക്കിടയില്‍ തുടര്‍ച്ചയായ അവസരം സൃഷ്ടിക്കാന്‍ സഹായകമാവുകയും ചെയ്യും.
കോവിഡ് കാലത്ത് സൈനികനിയമനം നടക്കാത്തത് സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കര, നാവിക, വ്യോമ സേനകളിലായി 1.25 ലക്ഷത്തിലേറെ ഒഴിവുകളാണ് നിലവിലുള്ളത്. ആദ്യം കരസേനയിലേക്കും തുടർന്ന് നാവിക , വ്യോമ സേനകളിലേക്കും റിക്രൂട്ട്മെന്റ് നടത്തും.